*മണ്ണാർക്കാട് ഗവ. താലൂക്ക് ആശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതി ഈ മാസം മുതൽ* .
മണ്ണാർക്കാട്: ആശുപത്രിയിലെ നീണ്ട വരിയിൽ കാത്തുനിൽക്കാതെ ഒ.പി. ടിക്കറ്റുകൾ വേഗത്തിൽ ലഭ്യമാക്കുന്ന ഡിജിറ്റൽ സംവിധാനമായ ഇ-ഹെൽത്ത് പദ്ധതി മണ്ണാർക്കാട് ഗവ. താലൂക്ക് ആശുപത്രിയിലും പ്രവർത്തന സജ്ജമാകുന്നു. ഈ മാസം തന്നെ പദ്ധതി വഴിയുള്ള സേവനങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമായി തുടങ്ങുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് കേന്ദ്ര സർക്കാരിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന ഈ പദ്ധതിയിലൂടെ എല്ലാ സർക്കാർ ആശുപത്രികളെയും ഒരൊറ്റ ഡിജിറ്റൽ ശൃംഖലയിൽ ബന്ധിപ്പിക്കുകയാണ് ലക്ഷ്യം. പദ്ധതിക്കാവശ്യമായ ഉപകരണങ്ങൾ ആശുപത്രിയിൽ ക്രമീകരിച്ചു കഴിഞ്ഞു. ഉടൻ തന്നെ ജീവനക്കാർക്ക് പരിശീലനവും കൂടാതെ സോഫ്റ്റ്‌വെയറും അപ്ഡേഷനും ഉടൻ പൂർത്തിയാക്കും.
ഓരോ പൗരനും ലഭ്യമാക്കുന്ന യൂണിക് ഹെൽത്ത് ഐഡന്റിഫിക്കേഷൻ നമ്പർ (യു.എച്ച്.ഐ.ഡി.) അടിസ്ഥാനമാക്കിയാണ് പദ്ധതി പ്രവർത്തിക്കുന്നത്.
ഇതുമായി ബന്ധിപ്പിച്ച ഇലക്ട്രോണിക് ഹെൽത്ത് റെക്കോർഡ് സംവിധാനത്തിലൂടെ രോഗിയുടെ ചികിത്സാ ചരിത്രം, ലാബ് റിപ്പോർട്ടുകൾ, മരുന്ന് വിവരങ്ങൾ എന്നിവ ഡിജിറ്റൽ രൂപത്തിൽ ആരോഗ്യപ്രവർത്തകർക്ക് പരിശോധിക്കാനാകും. ഇതുവഴി രോഗികളുടെ ചികിത്സ കൂടുതൽ കാര്യക്ഷമമായി നടത്താനും ആരോഗ്യപ്രവർത്തകർക്ക് സാധിക്കും. ആശുപത്രിയിൽ നിന്നും ഒ.പി. ചീട്ട് എടുക്കുന്നതിലുണ്ടാകുന്ന കാലതാമസം ഒഴിവാക്കാനും ഓൺലൈൻ ബുക്കിങ്ങിനുമായി എല്ലാവരും ഇ-ഹെൽത്ത് യുഎച്ച്ഐഡി കാർഡുമായി എത്തണമെന്ന് അധികൃതർ അറിയിച്ചു
യു.എച്ച്.ഐ.ഡി. സൃഷ്ടിക്കാം
https://ehealth.kerala.gov.in എന്ന പോർട്ടൽ വഴി യുഎച്ച്ഐഡി സൃഷ്ടിക്കാം. രജിസ്റ്റർ ലിങ്ക് ക്ലിക്ക് ചെയ്ത ശേഷം ആധാർ നമ്പർ നൽകുക. ആധാറിൽ രജിസ്റ്റർ ചെയ്ത നമ്പറിൽ ഒ.ടി.പി. വരും. ഒ.ടി.പി. നൽകുന്നതോടെ ഓൺലൈൻ വ്യക്തിഗത ആരോഗ്യ തിരിച്ചറിയൽ നമ്പർ ലഭിക്കും. ആദ്യതവണ ലോഗിൻ ചെയ്യുമ്പോൾ 16 അക്ക വ്യക്തിഗത ആരോഗ്യ തിരിച്ചറിയൽ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് അപ്പോയിന്റ്മെന്റ് എടുക്കാം
മണ്ണാർക്കാട് ഗവ. താലൂക്ക് ആശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതി ഈ മാസം മുതൽ .