മണ്ണാർക്കാട് : മലയോരമേഖലകളെ പ്രധാന പാതകളുമായി ബന്ധിപ്പിച്ചുള്ള മലയോരഹൈവേയുടെ പാലക്കാട് ജില്ലയിലെ ആദ്യറീച്ചിന്റെ പ്രവൃത്തി പുരോഗമിക്കുന്നു. മലപ്പുറംജില്ലാ അതിർത്തിയായ കാഞ്ഞിരംപാറയിൽനിന്ന് കുമരംപുത്തൂർ ചുങ്കം വരെയുള്ള 18.1 കീലോമീറ്ററിലെ പ്രവൃത്തിയാണ് നടന്നുവരുന്നത്. 2026 മേയ് മാസത്തിനുള്ളിൽ റോഡിന്റെ 18 കിലോമീറ്ററിൽ ആദ്യഘട്ട ടാറിങ് പൂർത്തിയാക്കാനാണ് കെആർഎഫ്ബിയുടെ മേൽനോട്ടത്തിൽ കരാർകമ്പനി ലക്ഷ്യമിടുന്നത്. നിലവിൽ കോട്ടോപ്പാടംമുതൽ അലനല്ലൂർവരെയുള്ള ആദ്യ അഞ്ചുകിലോമീറ്ററിലെ ടാറിങ് 2025 ഡിസംബർമാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്നും കെആർഎഫ്ബി പ്രതിനിധികൾ അറിയിച്ചു.
അഴുക്കുചാലുകളുടെയും കലുങ്കിന്റെയും പ്രവൃത്തിയും പുരോഗമിക്കുന്നുണ്ട്. 15 കലുങ്കുകളാണ് ആകെ നിർമിക്കേണ്ടത്. അലനല്ലൂർവരെയുള്ള റോഡ് പ്രവൃത്തികൾ കഴിഞ്ഞാൽ ഇവിടെനിന്ന് കാഞ്ഞിരംപാറവരെയുള്ള ഭാഗത്തേക്കും പ്രവൃത്തി നടത്തും. 91.4 കോടി രൂപയാണ് ആദ്യറീച്ചിനായി ചെലവഴിക്കുന്നത്. രണ്ടുവർഷം നിർമാണ കാലാവധിയിൽ ഊരാളുങ്കൽ സൊസൈറ്റിയാണ് പ്രവൃത്തി നടത്തുന്നത്. 12 മീറ്റർ വീതിയിൽ മഴവെള്ളച്ചാലോടുകൂടിയാണ് റോഡ് നിർമിക്കുക. ഇതിൽ ഒൻപതുമീറ്റർ വീതിയിൽ റോഡ് പൂർണമായും ടാറിങ് നടത്തും. 18 കിലോമീറ്ററിലെ 20 ഭാഗങ്ങളിൽ ബസ് കാത്തിരിപ്പുകേന്ദ്രങ്ങളും ബസ് ബേയും നിർമിക്കും. നിർമാണപ്രവൃത്തികളുടെ ഭാഗമായി നാട്ടുകാരുടെ ആശങ്ക പരിഹരിക്കുന്നതിന് കഴിഞ്ഞദിവസം എൻ. ഷംസുദീൻ എംഎൽഎയുടെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. സർവേനടത്തേണ്ട സ്ഥലത്തിന്റെ മുൻഗണനാക്രമങ്ങൾക്കും മറ്റും ജനപ്രതിനിധികളുടെ സാന്നിധ്യം യഥാസമയങ്ങളിൽ ഉറപ്പുവരുത്താൻ തീരുമാനമായിട്ടുണ്ട്. ശുദ്ധജലവിതരണപൈപ്പുകൾ തകരാറിലായാൽ വേഗം പുനഃസ്ഥാപിക്കാമെന്നും കരാർകമ്പനി അറിയിച്ചിട്ടുണ്ട്.