വിശിഷ്ട ഹരിത വിദ്യാലയം സംസ്ഥാന അവാർഡ് ഏറ്റുവാങ്ങി എടത്തനാട്ടുകര പി കെ എച്ച് എം ഒ യു പി സ്കൂൾ

എടത്തനാട്ടുകര: മാതൃഭൂമി സീഡ് വിശിഷ്ട ഹരിത വിദ്യാലയ പുരസ്കാരത്തിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ എടത്തനാട്ടുകര പി കെ എച്ച് എം ഒ യു പി സ്കൂൾ പാലക്കാട് വെച്ച് നടന്ന പൊതു ചടങ്ങിൽ കേരള സംസ്ഥാന വൈദ്യുത വകുപ്പ് മന്ത്രി ശ്രീ കൃഷ്ണൻകുട്ടിയിൽ നിന്നും പുരസ്കാരവും ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഏറ്റുവാങ്ങി. 2024- 25 അധ്യയന വർഷത്തെ സ്കൂൾതലത്തിൽ നടപ്പിലാക്കിയ മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് മാതൃഭൂമി സീഡ് വിശിഷ്ട ഹരിത വിദ്യാലയ പുരസ്കാരം. വിദ്യാർഥികളിൽ പഠനത്തോടൊപ്പം സമൂഹ നന്മയും പാരിസ്ഥിതിക അവബോധവും വളർത്തിയെടുക്കുക എന്ന ഉദ്ദേശത്തോടെ മാതൃഭൂമി ദിനപാത്രം ഫെഡറൽ ബാങ്കുമായി സഹകരിച്ചുകൊണ്ടാണ് സീഡ് പദ്ധതി നടപ്പിലാക്കി വരുന്നത്.കേരളത്തിലെ പതിനായിരത്തോളം വരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഈ പദ്ധതി നടപ്പിലാക്കി വരുന്നു. അവരിൽനിന്നും മികച്ച പ്രവർത്തനം കാഴ്ചവെക്കുന്നവർക്കാണ് അവാർഡുകളും അംഗീകാരങ്ങളും നൽകുന്നത്. ഇത്തവണ വിശിഷ്ട ഹരിത വിദ്യാലയം പുരസ്കാരത്തോടൊപ്പം ഇതെ സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥി അക്ഷജ് ദേവിന് മികച്ച സീഡ് റിപ്പോർട്ടർക്കുള്ള പുരസ്കാരവും കരസ്ഥമാക്കാൻ സാധിച്ചു. സാമൂഹിക ശ്രദ്ധയും മാധ്യമ ശ്രദ്ധയും ഒരേപോലെ ആവശ്യമുള്ള വാർത്തകൾ കണ്ടെത്തി റിപ്പോർട്ട് ചെയ്യുന്നതിൽ മികവ് പുലർത്തുന്നവർക്കാണ് സീഡ് റിപ്പോർട്ടർ പുരസ്കാരം നൽകി വരുന്നത്. പുരസ്കാര വിതരണ ചടങ്ങിൽ സീഡ് ക്ലബ്ബ് കോഡിനേറ്റർ വി റസാഖ് മാസ്റ്റർ വിദ്യാലയത്തിലെ സീഡ് ക്ലബ്ബ് അംഗങ്ങൾ അധ്യാപകർ, പി ടി എ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *