
*അഴുക്കുചാലിന് സ്ലാബിട്ടില്ല വാഹനങ്ങൾക്ക് അപകടക്കെണി*
മേലാറ്റൂർ : റോഡിന്റെ ഒരു വശത്ത് ജൽജീവൻ പദ്ധതിക്ക് പൈപ്പിടുന്നതിനായി നിർമിച്ച ചാൽ കോൺക്രീറ്റ് ചെയ്ത് നന്നാക്കാത്തതും മറുവശത്ത് അഴുക്കുചാലിന് സ്ലാബിടാത്ത പ്രശ്‌നവും വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതിനു കാരണമാകുന്നു.
ചെമ്മാണിയോട് ഐലക്കരയിൽനിന്ന് പന്നിവീട്ടിൽ ഉന്നതിയിലേക്കുള്ള റോഡാണ് ഗതാഗതത്തിന് വലിയ ഭീഷണിയാവുന്നത്. പൊതുവെ വീതി കുറഞ്ഞ റോഡിനോടു ചേർന്ന്് ആഴത്തിലും വീതിയിലും നിർമിച്ച അഴുക്കുചാൽ വർഷങ്ങൾ കഴിഞ്ഞിട്ടും സ്ലബിട്ട് മൂടിയിട്ടില്ല. അതുകൊണ്ടുതന്നെ പ്രദേശത്തെ നാൽപ്പതോളം കുടുംബങ്ങൾ ആശ്രയിക്കുന്ന റോഡിലൂടെയുള്ള കാൽനടയാത്രയും വാഹനഗതാഗതവും ഏറെ അപകടം നിറഞ്ഞ അവസ്ഥയിലാണ്.
ശനിയാഴ്ച ഈ വഴി വന്ന കാറിന്റെ ചക്രങ്ങൾ അഴുക്കുചാലിലേക്കിറങ്ങി കുടുങ്ങിയിരുന്നു. ഏറെ പണിപ്പെട്ടാണ് കാർ റോഡിലേക്ക് കയറ്റിയത്. കഴിഞ്ഞ ഒരാഴ്ചക്കിടെ പതിനഞ്ചോളം വാഹനങ്ങൾ ഇത്തരത്തിൽ കുടുങ്ങിയതായി യാത്രക്കാരും നാട്ടുകാരും പറയുന്നു. ഗ്രാമപ്പഞ്ചായത്തിന്റെ അധീനതയിലുള്ള ഈ റോഡിന് കേവലം അരകിലോമീറ്റർ മാത്രമാണ് ദൈർഘ്യമുള്ളത്. വർഷങ്ങളായി തുടരുന്ന ഈ യാത്രാദുരിതത്തിന് ശാശ്വതപരിഹാരം കാണാൻ അധികൃതരുടെ ഭാഗത്തുനിന്ന് ഉടൻ നടപടിയുണ്ടാവണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.