പട്ടിക്കാട് : അപകട ഭീഷണിയുള്ള പടുകൂറ്റൻ മരം മുറിച്ച് മാറ്റുന്നതിന് പട്ടിക്കാട് റെയിൽവേ ഗേറ്റ് രണ്ട് ദിവസം അടച്ചത് ജനത്തെ ദുരിതത്തിലാക്കി. റെയിൽവേ ഗേറ്റിനോട് ചേർന്നുള്ള മരമാണ് ശനിയാഴ്ച രാവിലെ മുതൽ അധികൃതർ മുറിച്ചു മാറ്റാൻ തുടങ്ങിയത്. റെയിൽവേ മേൽപാലം നിർമിക്കാൻ മരം മുറിച്ചു മാറ്റേണ്ടത് ആവശ്യമാണെന്ന് റെയിൽവേ അധികൃതർ അറിയിച്ചിരുന്നു. പാണ്ടിക്കാട്ട് നിന്ന് പെരിന്തൽമണ്ണയിലേക്കുള്ള വാഹനങ്ങൾ പട്ടിക്കാട്– വലമ്പൂർ– ഓരാടംപാലം വഴിയാണ് പെരിന്തൽമണ്ണയിൽ എത്തിയത്. പെരിന്തൽമണ്ണയിൽ നിന്ന് പാണ്ടിക്കാട് ഭാഗത്തേക്കുള്ള വാഹനങ്ങൾ മേലാറ്റൂർ വഴിയാണ് പോയത്. മരം മുറിച്ചു മാറ്റുന്നതു പൂർത്തിയാകാത്തതിനാൽ ഇന്നലെയും റെയിൽവേ ഗേറ്റ് അടച്ച് പണി തീർത്തത്.